എറണാകുളം: യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നുമുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ച് ഹൈക്കോടതി. പ്രിയയ്ക്ക് അധ്യാപന യോഗ്യതയില്ലെന്നും അതിനാൽ നിയമനപ്പട്ടിക പുനഃപരിശോധിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ.പ്രൊഫസറായി നിയമിച്ച നടപടി യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയയ്ക്ക് ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ല. എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. പി.എച്ച്ഡി ഗവേഷണം ഫെല്ലോഷിപ്പോടെയാണ് നടത്തിയത്. ഈ സമയത്ത് ഡെപ്യൂട്ടേഷനിലാണെന്നും ഇക്കാലയളവിൽ അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ക്രൂട്ടിനി കമ്മിറ്റി ഇവ എങ്ങനെയാണ് അധ്യാപന പരിചയമായി കണക്കാക്കിയത് എന്ന് കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ടത് എട്ടുവർഷത്തെ അധ്യാപന പരിചയമാണ്. ഗവേഷണ കാലഘട്ടം അധ്യാപന പരിചയം ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു.