ചെന്നൈ: എഐഎഡിഎംകെയിലെ ഉൾപ്പോരിൽ ഒ പനീർശെൽവത്തിന് തിരിച്ചടി. എടപ്പാടി കെ പളനിസ്വാമി വിളിച്ചു ചേർത്ത പാർട്ടി ജനറൽ കൗൺസിൽ യോഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പനീർശെൽവം വിഭാഗം സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. രാവിലെ 9.15ന് ആരംഭിക്കാനിരുന്ന യോഗത്തിന് കോടതി അനുമതി നൽകി. അതേസമയം, എഐഎഡിഎംകെ ആസ്ഥാനത്ത് ഇരുവിഭാഗത്തിന്റെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു.
കോടതി വിധി പനീർശെൽവത്തിന് എതിരായതിനാൽ എടപ്പാടി കെ പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചേക്കും. ഒപിഎസിനെ ട്രഷറർ സ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്. 2,500 ലധികം അംഗങ്ങളുള്ള ജനറൽ കൗൺസിലിൽ ഭൂരിഭാഗവും ഇപിഎസ് അനുകൂലികളാണ്.
പളനിസ്വാമി വിളിച്ചുചേർത്ത യോഗം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പനീർശെൽവം കോടതിയെ സമീപിച്ചത്. നിയമപ്രകാരം കോ-ഓർഡിനേറ്റർക്കും ജോയിന്റ് കോർഡിനേറ്റർക്കും മാത്രമേ യോഗം വിളിക്കാൻ കഴിയൂ എന്ന് അദ്ദേഹം വാദിച്ചു. പുതുതായി നിയമിതനായ പ്രസീഡിയം ചെയർമാൻ വിളിച്ചുചേർത്ത യോഗം സാങ്കേതികമായി നിയമവിരുദ്ധമാണെന്നും അതിനാൽ അത് അംഗീകരിക്കാനാവില്ലെന്നും ഒപിഎസ് പറഞ്ഞു.