ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായപ്പോൾ അഭിമാനപുളകിതരായ ഇന്ത്യൻ യുവാക്കൾക്ക് സുനക്കിന്‍റെ പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകും. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള പ്രക്രിയയിലാണ് സുനക് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നിലവാരം കുറഞ്ഞ കോഴ്സുകളിൽ ചേർന്ന വിദ്യാർത്ഥികൾ അവരുടെ ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നത് തടയാൻ ഉടൻ തീരുമാനമെടുക്കുമെന്ന് സുനക്കിന്‍റെ ഓഫീസ് അറിയിച്ചു. പഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുകെയിലേക്ക് കുടിയേറാൻ സ്വപ്നം കാണുന്നവർ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുനക്കിന്‍റെ പുതിയ തീരുമാനങ്ങൾ വലിയ തിരിച്ചടിയാകും. സമീപകാലത്തായി യുകെയിലേക്കുള്ള കുടിയേറ്റം കുത്തനെ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറെടുക്കുന്നത്. കോവിഡിന് ശേഷം ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠനത്തിനായി യുകെയിലേക്ക് പോയത്.
എന്നിരുന്നാലും, ഏത് ഡിഗ്രിയാണ് ഗുണനിലവാരമില്ലാത്തതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. അത്തരമൊരു തീരുമാനം എടുത്താൽ പല സർവകലാശാലകളും വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് രാജ്യത്തിന്‍റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. താൽക്കാലികമായി എത്തുന്ന വിദ്യാർത്ഥികളെ കുടിയേറ്റക്കാരായി കണക്കാക്കരുതെന്ന് ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നു.