കോഴിക്കോട്: ചാത്തമംഗലം എൻ.ഐ.ടിയിലെ യു.ജി.സി നെറ്റ് പരീക്ഷ സെർവറിലെ സാങ്കേതിക തകരാർ മൂലം മുടങ്ങി. ഇന്ന് രാവിലെ നടത്താനിരുന്ന പരീക്ഷയാണ് മുടങ്ങിയത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്ന് പരീക്ഷാ കേന്ദ്രമായ എൻഐടിക്ക് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
യുജിസി നെറ്റ് പരീക്ഷ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു പരീക്ഷാ സമയം. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അതിരാവിലെ തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തി. രാവിലെ 7.20ന് പരീക്ഷാ ഹാളിൽ പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ഉച്ചയ്ക്ക് 12 മണി വരെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12 മണിക്ക് പരീക്ഷ ആരംഭിച്ചില്ലെങ്കിലും പലർക്കും ചോദ്യങ്ങൾ ലഭിച്ചില്ല. മാത്രമല്ല, ലഭിച്ച ചോദ്യങ്ങൾ ഹാങ്ങായിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ സെർവറിലെ തകരാർ കാരണം പരീക്ഷ നഷ്ടപെട്ടതിനാൽ പ്രതിസന്ധി നേരിട്ടവർക്ക് വീണ്ടും പരീക്ഷ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന നെറ്റ് പരീക്ഷയ്ക്കൊപ്പം തങ്ങളുടെ പരീക്ഷകളും നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.