കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വമേധയാ വിരമിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കി. അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥർ വേഗത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. യഥാസമയം തീരുമാനമെടുക്കാതെ സർക്കാരിന് ബാധ്യത വന്നാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്. സ്വയം വിരമിക്കലിനുള്ള അപേക്ഷയുടെ മാതൃകയും ധനവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സ്വയം വിരമിക്കലിനുള്ള കേരള സർവീസ് റൂൾസ് (കെ.എസ്.ആർ) ചട്ടങ്ങൾ പ്രകാരം ജീവനക്കാർ അപേക്ഷിച്ചാൽ, മേലുദ്യോഗസ്ഥൻ മൂന്ന് മാസത്തിനുള്ളിൽ അത് നിരസിച്ചില്ലെങ്കിൽ സ്വമേധയാ വിരമിക്കൽ പ്രാബല്യത്തിൽ വരും. എന്നാൽ, പല കേസുകളിലും യഥാസമയം തുടർനടപടികൾ സ്വീകരിക്കാത്തതിനാൽ അപേക്ഷകർ ജോലി ചെയ്യുന്നത് തുടരുകയാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി.
അനുവദിക്കേണ്ട ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പുറമേ പെൻഷൻ ആനുകൂല്യങ്ങളും പലിശയും നൽകേണ്ട സാഹചര്യവുമുണ്ട്. ഇത് സർക്കാരിന് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു.