തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ.
കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും.
വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ് ആശുപത്രി സന്ദര്‍ശന സമയം.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും. അലാം സംവിധാനവും നടപ്പിലാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വിളിച്ച് ചേര്‍ത്ത പൊലീസിന്റേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടര്‍മാരുടേയും യോഗത്തിലാണ് തീരുമാനം.