സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വാക്സിനേഷൻ എടുക്കാത്ത കുട്ടികളുടെ എണ്ണം കണക്കാക്കാൻ ക്ലാസ് അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കുക. സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മന്ത്രി നിർദേശം നൽകി.
അതേസമയം, എല്ലാ കുട്ടികൾക്കും വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സ്കൂളുകൾ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കും. പകർച്ചവ്യാധികൾ, പ്രത്യേകിച്ച് നിപ വൈറസ്, പേവിഷബാധ എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്താനും മന്ത്രി നിർദ്ദേശം നൽകി.
കൊവിഡ് കേസുകൾ നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്ക് ധരിക്കണം. കിടപ്പിലായ രോഗികളെയും പ്രായമായവരെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.