കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ്. കോൺഗ്രസ് പാർട്ടിയോടും അതിന്റെ പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയുന്നുവെന്നും സുരേഷ് പറഞ്ഞു. ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ വിവാദമാക്കിയത്. ഇതിൽ ഖേദിക്കുന്നു. പാർട്ടി നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കുമെന്നും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും സുരേഷ് പറഞ്ഞു. വിവാദത്തെ തുടർന്ന് സുരേഷിനെ നേരത്തെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
‘കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഫ്ലെക്സ് അടിക്കാനുള്ള നിർദ്ദേശം വന്നത്. 88 അടിയുടെ ഫ്ലെക്സായിരുന്നു അത്. പ്രൂഫ് അയച്ചുവെങ്കിലും നോക്കാൻ സമയമില്ലാത്തതിനാൽ പ്രിന്റ് ചെയ്യാൻ പറഞ്ഞു. രാത്രി ഒരു മണിയോടെ ഫ്ലെക്സ് ലഭിച്ചു. പക്ഷേ, നോക്കിയില്ല. അൻവർ സാദത്ത് എംഎൽഎ വിളിച്ചപ്പോഴാണ് സവർക്കറുടെ ചിത്രം ഫ്ലെക്സിൽ ഉണ്ടെന്ന് അറിഞ്ഞത്. പിന്നീട് ഫ്ലെക്സ് കെട്ടുമ്പോൾ സവർക്കറുടെ സ്ഥാനത്ത് ഗാന്ധിജിയുടെ പടംവച്ച് മറയ്ക്കുകയായിരുന്നു. പാർട്ടിക്ക് ഞാനായി ചീത്തപ്പേര് നൽകി. അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു’, സുരേഷ് പറഞ്ഞു.