മ്യാൻമർ: മ്യാൻമർ മുൻ പ്രധാനമന്ത്രി ഓങ് സാങ് സൂചിയെ വീട്ടുതടങ്കലിൽ നിന്ന് തലസ്ഥാനമായ നയ്പിഡോയിലെ അതീവ സുരക്ഷയുള്ള സൈനിക നിർമ്മിത ഏകാന്ത ജയിലിലേക്ക് മാറ്റി. സൂചി എവിടെയാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് സൈന്യത്തിന്റ തീരുമാനം. സൂചിയുടെ വിചാരണ ഒരു രഹസ്യ ജയിലിൽ നടത്താനും പദ്ധതിയിടുന്നു. “സൂചിയെ വിചാരണയ്ക്കായി ഹാജരാക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്,” സോ മിന്‍ ടുണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന സൈനിക അട്ടിമറിയിൽ സൂചിയുടെ സർക്കാരിന് അധികാരം നഷ്ടപ്പെട്ടിരുന്നു. സൈന്യത്തിനെതിരായ പ്രവർത്തനങ്ങൾ, കോവിഡ് -19 മാനദണ്ഡങ്ങളുടെ ലംഘനം, ടെലികമ്മ്യൂണിക്കേഷൻ ലംഘനം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഓങ് സാങ് സൂചിയെ ആറ് വർഷം തടവിന് ശിക്ഷിച്ചു. വീട്ടുജോലിക്കാരിക്കും വളർത്തു നായയ്ക്കുമൊപ്പം ഏകാന്ത തടവിലായിരുന്നു 76 കാരിയായ സൂചി താമസിച്ചിരുന്നത്.
അവർക്കെതിരായ കേസുകൾ ജുണ്ട കോടതിയിൽ എത്തിയപ്പോഴാണ് സൂചി വീട്ടുതടങ്കലിൽ നിന്ന് പുറത്തിറങ്ങിയത്. 150 വർഷം തടവ് ശിക്ഷയാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിലിൽ മ്യാൻമർ കോടതി സൂചിക്കെതിരായ 11 അഴിമതിക്കേസുകളിൽ ആദ്യത്തേത് വിധിച്ചു. ഓരോ കേസിനും പരമാവധി ശിക്ഷ 15 വർഷമാണ്.