മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി നിരവധി സിനിമകളിൽ വേഷമിട്ട സാഗർ പാണ്ഡെ അന്തരിച്ചു. ഇന്നലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുഴഞ്ഞു വീണയുടനെ സാഗർ പാണ്ഡെയെ ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
സാഗർ പാണ്ഡെയുടെ വിയോഗത്തിൽ സൽമാൻ ഖാൻ സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. സൽമാൻ ഖാനൊപ്പം അമ്പതോളം ചിത്രങ്ങളിൽ സാഗർ പാണ്ഡെ അഭിനയിച്ചിട്ടുണ്ട്.
സൽമാനൊപ്പം, കുച്ച് കുച്ച് ഹോതാ ഹൈ, ബജ്രംഗി ഭായ്ജാൻ, ട്യൂബ് ലൈറ്റ്, ദബാംഗ്, ദബാംഗ് 2, ദബാംഗ് 3 തുടങ്ങിയ സിനിമകളിൽ സാഗർ പാണ്ഡെ പ്രവർത്തിച്ചിരുന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയാണ് സാഗർ.