സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയതിൽ അധിക ചെലവല്ല എന്ന് മുൻ മന്ത്രി എ കെ ബാലൻ. പേഴ്സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. മന്ത്രിമാരുടെ ജീവനക്കാരുടെ എണ്ണം 30 ആണെന്നും ജീവനക്കാരുടെ എണ്ണം 25 ആക്കണമെന്ന് തീരുമാനിച്ച് ഇടത് സർക്കാർ 60 കോടിയിലധികം രൂപ ലാഭിച്ചെന്നും ബാലൻ പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രി രാജി വെച്ചെങ്കിലും പേഴ്‌സണൽ സ്റ്റാഫിനെ വിടാൻ സർക്കാർ ഒരുക്കമല്ലെന്ന് തെളിയിക്കുകയാണ് സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായിയുള്ള പുനർ നിയമന ഉത്തരവ്. നേരത്തെ ജീവനക്കാരുടെ കാലാവധി 20 വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതേതുടർന്ന് 21-ാം തിയതി വീണ്ടും നിയമനം ഉണ്ട്. സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്ന് ജൂലൈ ആറിന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.