പത്തനംതിട്ട: ഭരണഘടനയ്ക്കെതിരായ മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും സജി ചെറിയാനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തെളിവില്ലെന്ന് കാണിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് തീരുമാനിച്ചത്. ഇക്കാര്യം പൊലീസ് പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, വീഡിയോ ഉൾപ്പെടെ ഉണ്ടായിട്ടും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിനിടെയാണ് സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് വിവാദ പരാമർശം നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഭരണഘടനയാണിതെന്ന് അദ്ദേഹം പറഞ്ഞു. വിവാദം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.