തിരുവനന്തപുരം: രാജി വച്ചതിനു പിന്നാലെ, മന്ത്രി നമ്പറിട്ട കാറിൽ നിന്ന് മാറി എം.എൽ.എ ബോർഡുള്ള കാറിൽ നിയമസഭയിലെത്തി സജി ചെറിയാൻ. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച് ഒരു ദിവസത്തിൻ ശേഷമാണ് സജി ചെറിയാൻ നിയമസഭാംഗമായി നിയമസഭയിലെത്തിയത്. ഒരു പ്രയാസവുമില്ലെന്നും സ്ട്രോങ്ങാണെന്നും നിയമസഭയിലേക്കുള്ള യാത്രയ്ക്കിടെ സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം, സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല കോടതി ഉത്തരവിട്ടതോടെ ഇന്ന് നിയമസഭയിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മന്ത്രിസ്ഥാനം മാത്രമല്ല എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം പറയുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷം നിയമസഭയിൽ വിഷയം ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമെന്നാണ് മനസിലാക്കുന്നത്. ഇന്നലെ എട്ട് മിനിറ്റിനുള്ളിൽ സഭാനടപടികൾ അവസാനിച്ചെങ്കിലും ഇന്ന് ചോദ്യോത്തരവേളയുമായി മുന്നോട്ട് പോകും. സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിൻ നോട്ടീസ് നൽകുകയും ചെയ്തു.