കൊവിഡ് പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷമായി നിർത്തിവച്ച കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയും ഹരിത മാനദണ്ഡങ്ങൾ പാലിച്ചും ചടങ്ങുകൾ നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
മന്ത്രി ആന്റണി രാജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ അതത് ജില്ലാ കളക്ടർമാരെ യോഗം ചുമതലപ്പെടുത്തി.
ആലുവ, തിരുവല്ലം, വർക്കല, കൊല്ലം, തിരുനെല്ലി എന്നിവയുൾപ്പെടെ ചെറുതും വലുതുമായ കേന്ദ്രങ്ങളിൽ വിവിധ സൗകര്യങ്ങളും സുരക്ഷയും ഒരുക്കും. യാത്രാസൗകര്യങ്ങൾ, മെഡിക്കൽ, ആംബുലൻസ്, ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാത്തരം അവശ്യ സേവനങ്ങളും ഉറപ്പാക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.