കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമർശിക്കുന്ന, യുക്രെയ്നിലെ റഷ്യൻ സൈനികരുടെയും കുടുംബാംഗങ്ങളുടെയും ഫോൺ സംഭാഷണങ്ങൾ പുറത്ത്. പുട്ടിൻ ഒരു വിഡ്ഢിയാണെന്നും കണ്ണിൽ പെടുന്നവരെയെല്ലാം വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും സംഭാഷങ്ങളിൽ പറയുന്നു. യുക്രെയിനിൽ റഷ്യ തിരിച്ചടി നേരിടുകയാണെന്നും സൂചനയുണ്ട്.
ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ വീഴുമെന്ന കണക്കുകൂട്ടലിലാണ് റഷ്യ ആക്രമണം തുടങ്ങിയതെങ്കിലും, ഏഴു മാസം പിന്നിടുമ്പോഴും ശക്തമായി പിടിച്ചുനിൽക്കുകയാണ് യുക്രെയ്ൻ. ആക്രമണത്തിന്റെ പേരിൽ റഷ്യയ്ക്കെതിരെ രാജ്യാന്തര തലത്തിൽ വിമർശനവും ഉപരോധങ്ങളും ഉണ്ടാകുമ്പോഴും റഷ്യയോടു വിധേയത്വം പുലർത്തുന്ന മേഖലകളിൽ ഹിതപരിശോധന നടത്തി അവയെ കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ് പുട്ടിൻ. ഈ സാഹചര്യത്തിലാണ് സ്വന്തം സൈനികർ പുട്ടിനെതിരെ സംസാരിക്കുന്നുവെന്ന വിവരം പുറത്ത് വരുന്നത്.
തങ്ങളുടെ താമസ സ്ഥലത്തിനു സമീപത്തു കൂടെ കടന്ന് പോയ മൂന്ന് യുക്രെയ്ൻകാരെ കൊല്ലാൻ കമാൻഡർ ഉത്തരവിട്ടെന്നും അനുസരിക്കേണ്ടി വന്ന താനൊരു കൊലയാളിയായി മാറിയെന്നും സെർഗി എന്ന് പേരുള്ള സൈനികൻ കാമുകിയോടു പറയുന്നതുമാണ് പുറത്ത് വന്ന മറ്റൊരു സംഭാഷണത്തിൽ ഒന്ന്. ഇവരെ പിടികൂടി ചോദ്യം ചെയ്തശേഷം തങ്ങളുടെ ഒളിയിടം ഇവർ പുറത്തറിയിക്കുമെന്ന പേടിയിൽ കാടിനുള്ളിൽ വച്ച് കൊല്ലുകയായിരുന്നുവെന്നാണ് അയാൾ ഫോണിൽ പറയുന്നത്. കാട്ടിനുള്ളിൽ ഇതുപോലെ കൊന്നവരുടെ മൃതദേഹങ്ങളുടെ ഒരു കൂനയുണ്ടെന്നും അയാൾ പിന്നീട് തന്റെ അമ്മയോടു പറയുന്നുണ്ട്.