ടെഹ്റാന്‍: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ വച്ച് ഇവരോടൊപ്പം തുർക്കിയിയും ചേർന്നിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി, തുർക്കി പ്രസിഡന്‍റ് തയീപ് എർദോഗാന്‍ എന്നിവർ ടെഹ്റാനിൽ കൈകോർത്തു.
ടെഹ്റാനിൽ എത്തിയ പുടിനെയും എർദോഗനെയും ഇറാൻ സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. റഷ്യൻ വാതക ഭീമനായ ഗാസ്പ്രോം ടെഹ്റാനുമായി സഹകരണ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മൂവരും കൂടിക്കാഴ്ച നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരി 24 ന് ഉക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം മുൻ സോവിയറ്റ് യൂണിയന്‍റെ പ്രദേശം വിട്ട് ടെഹ്റാനിലേക്കുള്ള പുടിന്‍റെ ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്. ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമേനി, പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി എന്നിവരുമായും പുടിൻ ടെഹ്റാനിൽ കൂടിക്കാഴ്ച നടത്തി. അതേസമയം, റഷ്യയും ഇറാനും പരസ്പരം മത്സരിക്കുന്ന ഊർജ ഉൽപ്പാദകരാണെന്ന വസ്തുത നിലനിൽക്കെ, പാശ്ചാത്യരാജ്യങ്ങളോടുള്ള ശത്രുതയിൽ ഇരു രാജ്യങ്ങളും ഒന്നിക്കുമെന്ന വസ്തുത കണക്കിലെടുക്കുമ്പോഴും, ആഴത്തിലുള്ള പങ്കാളിത്തത്തിന് പരിമിതികളുണ്ടെന്ന് പൊതുവെ കണക്കാക്കപ്പെടുന്നു.