യുക്രൈനെതിരെ യുദ്ധത്തിന് പോകാൻ വിസമ്മതിച്ച യുവാവിനെ റഷ്യ നാടുകടത്തി. റഷ്യ യുക്രൈനിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ, നിർബന്ധിത സൈനിക സേവനത്തിലുള്ള യുവാവ് അതിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ അദ്ദേഹത്തിന് റഷ്യ വിടേണ്ടിവന്നു. കഴിഞ്ഞയാഴ്ചയാണ് 21കാരനായ എബോഷിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
സെപ്റ്റംബർ 21ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ യുക്രൈനിനെതിരെ യുദ്ധം ചെയ്യാൻ 300,000 പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, എബോഷിയുടെ മാതാപിതാക്കൾ യുക്രൈൻകാരായിരുന്നു. അതിനാൽ യുക്രൈനിനെതിരായ യുദ്ധത്തിൽ പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു.
“അങ്ങനെ നോക്കുമ്പോൾ ഞാനൊരു യുക്രൈൻകാരനാണ്. എന്റെ മാതാപിതാക്കൾ കഴിയുന്ന ഒരു രാജ്യത്തിനെതിരെ യുദ്ധത്തിന് പോവാൻ എനിക്ക് സാധിക്കില്ലായിരുന്നു.” എബോഷി പറയുന്നു. അങ്ങനെ എബോഷി സൈബീരിയയിൽ നിന്ന് മോസ്‌കോയിലേക്ക് യാത്ര തുടങ്ങി. 1,800 മൈൽ ട്രെയിൻ യാത്രയായിരുന്നു അത്. അതിൽ അവിടെ നിന്നും നാട് വിട്ട് പോകുന്ന മറ്റ് യുവാക്കളും ഉണ്ടായിരുന്നു എന്ന് എബോഷി പറയുന്നു.