കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ വീഴ്ചയുണ്ടായെന്ന് മുസ്ലീം ലീഗ് മുൻ എംഎൽഎ കെ.എൻ.എ ഖാദർ. കേസരി മന്ദിരത്തിൽ നടന്ന സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും ഖാദർ പങ്കെടുത്തത് വിവാദമായതോടെയാണ് അദ്ദേഹം ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകിയത്. വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ഖാദറിനെതിരെ ലീഗിന്റെ ഭാഗത്തുനിന്നും കർശന നടപടിക്ക് സാധ്യതയില്ല. ഇക്കാര്യത്തിൽ ഉടൻ ചേരുന്ന ലീഗ് നേതൃയോഗത്തിൽ തീരുമാനമുണ്ടാകും. യോഗത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റുപറ്റിയെന്നും ലീഗിന് ഏതെങ്കിലും തരത്തിൽ പ്രശ്നമായിട്ടുണ്ടെങ്കിൽ പാർട്ടി ആവശ്യപ്പെട്ടാൽ കുറ്റം പരസ്യമായി ഏറ്റുപറയാനും ഖേദം പ്രകടിപ്പിക്കാനും തയ്യാറാണെന്നും ഖാദർ തൻ്റെ വിശദീകരണ കുറിപ്പിൽ പറഞ്ഞു.