കണ്ണൂര്: കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മന്ത്രി എം.വി ഗോവിന്ദൻ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമിയും വീടും നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കനത്ത മഴയിൽ തകർന്ന കണ്ണൂർ-മാനന്തവാടി ചുരം റോഡ് രണ്ട് ദിവസത്തിനകം ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. സമാനതകളില്ലാത്ത ഒരു ദുരന്തമാണ് ഈ മേഖലയിൽ ഉണ്ടായത്. കോളയാട്, കണിച്ചാർ, പേരാവൂർ, കേളകം തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ തരത്തിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വലിയ പാറകൾ വീണു. വീടുകൾ പൂർണ്ണമായും തകർന്ന് ഒറ്റപ്പെട്ടു. ക്വാറികളുടെ പ്രശ്നം നാട്ടുകാരാണ് ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം നിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഇനി ഉത്തരവോടെ മാത്രമേ ക്വാറികൾ തുറക്കേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിലും മഴവെള്ളത്തിലും മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. കണിച്ചാറിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തം നടന്ന ദിവസം പ്രദേശത്ത് ക്വാറികൾ പ്രവർത്തിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് ക്വാറികളുടെ താഴ്ന്ന പ്രദേശങ്ങൾ തകർന്നതായും പാറക്കെട്ടുകൾ ജനവാസ മേഖലയിലേക്ക് വീണതായും അധികൃതർ സ്ഥിരീകരിച്ചിരുന്നു.