തിരുവനന്തപുരം: ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് കെൽട്രോൺ, സി-ഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക്സ് ആൻഡ് സെമി കണ്ടക്ടർ അസോസിയേഷൻ എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.
സെമി കണ്ടക്ടർ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും മൾട്ടി ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും രൂപരേഖ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിന് 1000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം കണക്കിലെടുത്ത് കേരളത്തെ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ, പാർക്കിൽ സെമി കണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റിംഗ് സൗകര്യം, പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുള്ള നിർമ്മാണ യൂണിറ്റ്, സെമി കണ്ടക്ടർ ഡിസൈൻ ആന്‍ഡ് ട്രെയിനിങ് ഇക്കോ സിസ്റ്റം എന്നിവ ഉണ്ടായിരിക്കും. ആദ്യ യൂണിറ്റുകൾ കൊച്ചിയിലും പാലക്കാടും ആയിരിക്കും. പെരുമ്പാവൂർ റയോണ്‍സിന്റെ ഭൂമിയും പാലക്കാട്ടെ ഡിഫൻസ് പാർക്കുമാണ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്നത്. പദ്ധതി രേഖ 10 ആഴ്ചയ്ക്കുള്ളിൽ തയ്യാറാകും. ഈ പദ്ധതികൾ 1,000 പേർക്ക് നേരിട്ടും 3,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായികൾക്കും സംരംഭകർക്കും ഈ മേഖലയിൽ അനുബന്ധസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവസരമുണ്ടാകും.