Spread the love

കൊല്ലം: സംസ്ഥാനത്ത് റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ കാലാനുസൃത മാറ്റം വരുത്തുകയാണ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നിരിട്ടി തുക മുടക്കിയാണ് ആധുനിക രീതിയിലുള്ള റോഡുകളുടെ നിര്‍മിതി. മന്ത്രിയുടെ ഓഫീസ് പുരോഗതി നേരിട്ട് വിലയിരുത്തുന്ന രീതിയാണ് അവലംബിക്കുന്നത്.

എല്ലാ റോഡുകളും മികച്ചതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തെയും മറ്റ് വെല്ലുവിളികളെയും അതിജീവിക്കാൻ പ്രവർത്തനങ്ങൾ നടക്കുന്നു. ഡ്രെയിനേജ് സംവിധാനത്തിന്‍റെ അപര്യാപ്തത പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്. ഇതിൽ ഇടപെടുന്ന കരാറുകാരെയും ഉദ്യോഗസ്ഥരെയും തിരുത്തുകയും ചെയ്യും. നൂതന പദ്ധതികൾക്ക് ധനമന്ത്രാലയത്തിന്‍റെ പിന്തുണ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാതാ വികസനം 2025ഓടെ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീര്‍ഘകാലം നിലനില്‍ക്കുന്ന ഈടുറ്റ റോഡുകളാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് നിര്‍മിക്കുന്നതെന്ന് അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. പുതുപ്രവര്‍ത്തന രീതികളാണ് പൊതുമരാമത്ത്-വിനോദസഞ്ചാര മേഖലയില്‍ കാണാനാകുന്നത്. കേന്ദ്രസഹായം പരിമിതപ്പെട്ടെങ്കിലും വികസനകാര്യത്തില്‍ സംസ്ഥാനം മുന്നോട്ട് തന്നെ പോകും. കൊട്ടാരക്കരയില്‍ 29 കോടി രൂപയുടെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, വൈസ് ചെയര്‍പേഴ്‌സന്‍ അനിത ഗോപകുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

By newsten