ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയിൽ ബ്രിട്ടന്‍റെ പ്രധാനമന്ത്രി കസേരയിലേക്കായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് കുതിക്കുന്നു. പാർട്ടി എംപിമാർക്കിടയിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഋഷി 137 വോട്ടുകൾക്ക് മുന്നിലാണ്. ലിസ് ട്രസ് 113 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 105 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയ പെന്നി മോർഡന്‍റ് മത്സരത്തിൽ നിന്ന് പുറത്തായി.
എം.പിമാർക്കിടയിലെ അവസാന വോട്ടെടുപ്പ് ആണ് ഇന്ന് നടന്നത്. ഋഷി സുനക്കും ലിസ് ട്രസ്സും മാത്രമാണ് മത്സരരംഗത്തുള്ളത്. ബോറിസ് ജോൺസന്‍റെ പിൻഗാമിയെ ഇനി കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കും. ആകെയുള്ള 357 എം.പിമാരിൽ മൂന്നിലൊന്ന് പിന്തുണയ്ക്ക് 120 വോട്ടുകൾ വേണം. അഞ്ചാം റൗണ്ടിൽ, ഋഷി അതിനേക്കാൾ കൂടുതൽ സ്കോർ ചെയ്തു.
ഋഷി സുനക് വിജയിച്ചാൽ അദ്ദേഹം ആദ്യത്തെ ബ്രിട്ടീഷ്-ഏഷ്യൻ പ്രധാനമന്ത്രിയാകും. ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടന്‍റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും. സെപ്റ്റംബർ അഞ്ചിന് അന്തിമ ഫലം പുറത്തുവരും.