തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗത്തിൽ നിയമസഭയിൽ വിശദീകരണവുമായി മുൻ മന്ത്രി സജി ചെറിയാൻ. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും,മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്‍റെ ഉള്ളടക്കമെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ അപകീർത്തിപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ഉയർന്ന ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. തന്‍റെ 43 വർഷം നീണ്ട പൊതുജീവിതത്തിൽ എല്ലാ ഘട്ടങ്ങളിലും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അംബേദ്കറെ അപമാനിച്ചുവെന്ന വ്യാജപ്രചാരണം നടന്നു. അതിൽ വേദനയും സങ്കടവുമുണ്ട്. എത്ര ആക്രമണം നേരിട്ടാലും പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.