Spread the love

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സജി ചെറിയാന്‍റെ രാജി ത്യാഗമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി ഒരു നിയമപരമായ ബാധ്യതയാണ്. ധാർമ്മികത ഉയർത്തിപ്പിടിച്ചെന്ന വാദം ശരിയല്ല. സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നാണ് സജി ചെറിയാൻ പറഞ്ഞത്. എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നതും അദ്ദേഹത്തിന് ഉചിതമായിരിക്കും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിശബ്ദത തുടർന്നാൽ അത് ആർഎസ്എസ് നയമാണെന്ന് പിണറായിക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിലേക്ക് തള്ളിയിട്ട സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കാത്തത് അന്യായമാണന്നും സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെട്ടിട്ടില്ലെന്നും കേസെടുക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിരുന്നു.

By newsten