റാന്നി: അവശനിലയിൽ വെളുത്ത അരിവാൾകൊക്കനെ(ബ്ലാക്ക്ഹെഡെഡ് ഐബിസ്)ഉതിമൂട് നിവാസികൾ കണ്ടെത്തുമ്പോൾ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു പക്ഷി. അതിനെ ഉപേക്ഷിച്ചു പോകാൻ അവർക്ക് മനസ്സുവന്നില്ല.ഒരു ദിവസം മുഴുവൻ കഴിയുന്നത്ര പരിചരിചരണം നൽകിയിട്ടും മാറ്റമില്ലാതെ വന്നപ്പോഴാണ് പക്ഷിയെ ഓട്ടോറിക്ഷയിൽ ജില്ലാ വെറ്ററിനറി സെന്‍ററിലേക്ക് കൊണ്ടുപോയത്. ഇടതുകാൽ ഒടിഞ്ഞ പക്ഷിക്ക് ഡോക്ടർ പ്രഥമ ശുശ്രൂഷ നൽകുകയും,പിന്നീട് വനപാലകർക്ക് കൈമാറുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെയാണ് പക്ഷിയെ ഉതിമൂട് ജംഗ്ഷന് സമീപത്തെ പുരയിടത്തിൽ നിന്നും കണ്ടെത്തുന്നത്.ഓട്ടോറിക്ഷാ ഡ്രൈവർ രഞ്ജിത്തും,സുഹൃത്തുക്കളും ചേർന്ന് പക്ഷിയെ രക്ഷപ്പെടുത്താൻ ശ്രമങ്ങളാരംഭിച്ചു.സ്ത്രീകളടക്കമുള്ള പക്ഷിസ്നേഹികളും ശുശ്രൂഷയിൽ പങ്കാളികളായി.ഒടിഞ്ഞ കാലിൽ മരുന്ന് കെട്ടിവെച്ച് പരിപാലിക്കാൻ ശ്രമിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷവും പക്ഷി അവശനിലയിൽ തുടരുകയായിരുന്നു.
തുടർന്ന് ഗ്രാമപ്പഞ്ചായത്ത് മുൻ അംഗമായ സോണി തോപ്പിൽ എത്തുകയും,പക്ഷിയെ ജില്ലാ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയുമായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞതോടെ ആശുപത്രിയിലെത്താമെന്ന് അറിയിക്കുകയും ചെയ്തു.