റഷ്യ: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഹിമാനികൾ ഉരുകാൻ ആരംഭിച്ചതോടെ, മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്ത് വരുന്നതായി റിപ്പോർട്ട്.
റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്ന് വേർതിരിച്ചെടുത്ത മണ്ണിൽ നിന്ന് 13 വൈറസുകൾ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഒന്നിന് 48,500 വർഷം പഴക്കമുണ്ട്. സൈബീരിയയിലെ ഒരു തടാകത്തിന്‍റെ അടിയിലാണ് ഇവ കാണപ്പെട്ടത്. നിർജ്ജീവമായിരുന്ന വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചു. രോഗകാരികളായ ഈ വൈറസുകൾക്ക് ‘സോംബി വൈറസുകൾ’ എന്നാണ് പേരിട്ടത്.
മീഥെയ്ൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നത് പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഘനീഭവിച്ച ഹിമാനികൾ ഉരുകുന്നതിനും രോഗകാരികളായ ഇത്തരം വൈറസുകൾ ഉൾപ്പെടെ പുറത്തുവരുന്നതിനും കാരണമാകും. അതേസമയം, റഷ്യ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘം അവർ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറഞ്ഞു.