ലക്നൗ: ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലുലു മാളിൽ മതപരമായ എല്ലാ ചടങ്ങുകളും പ്രാർത്ഥനകളും നിരോധിച്ചു. മാളിനുള്ളിൽ ചിലർ പ്രാർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതിനെ തുടർന്നാണ് നടപടി.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് മാളിനുള്ളിൽ മതപരമായ ചടങ്ങുകളും പ്രാർത്ഥനകളും നിരോധിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മാളിലെ ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാൾ ജനറൽ മാനേജർ സമീർ വർമ്മ പറഞ്ഞു. ഈ മാസം 10 നാണ് ലഖ്നൗവിലെ മാൾ ഉദ്ഘാടനം ചെയ്തത്.
ഒരു മാളിൽ മതപരമായ പ്രവർത്തനങ്ങൾ എങ്ങനെ നടത്തുമെന്ന ചോദ്യം ഹിന്ദു സംഘടനകൾ ഉയർത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പള്ളികളായി ഉപയോഗിക്കുന്ന എല്ലാ മാളുകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടി സ്വീകരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു.