ന്യൂഡല്‍ഹി: ‘ദ കശ്മീർ ഫയൽ’സിനെതിരെയുളള ഇസ്രയേലി സംവിധായകൻ നാദവ് ലാപിഡിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി നടൻ അനുപം ഖേർ. നുണ എത്ര തവണ പറഞ്ഞാലും അത് സത്യമാകില്ലെന്ന് നടൻ ട്വിറ്ററിൽ കുറിച്ചു.
“സുഹൃത്തുക്കളെ, ചിലയാളുകള്‍ക്ക് സത്യം ഉള്ളതുപോലെ കാണിക്കുന്ന ശീലമില്ല. അവര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് നിറം നല്‍കുകയും കെട്ടിചമയ്ക്കുകയും ചെയ്യും. കശ്മീരിലെ സത്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് നന്നായി ദഹിക്കില്ല. അവര്‍ കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി കശ്മീരിനെ വേറെ രീതിയില്‍ കാണിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സത്യമെന്താണെന്ന് കശ്മീര്‍ ഫയല്‍സ് തുറന്ന് കാട്ടിയതോടെ ഇക്കൂട്ടര്‍ക്ക് വിഷമമായി. അപ്പോള്‍ അവരതിനെ സാധ്യമായ വിധത്തിലൊക്കെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ്. സത്യം കാണാന്‍ കഴിയില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കണം. കാരണം കശ്മീരിനെ സംബന്ധിച്ച യാഥാര്‍ഥ്യമെന്നത് ഇതാണ്.” വീഡിയോ സന്ദേശത്തില്‍ അനുപം ഖേര്‍ പറഞ്ഞു.
നവംബർ 22നാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചത്. മേളയിൽ ഇത്തരത്തിലൊരു അപരിഷ്കൃതമായ സിനിമ ഉൾപ്പെടുത്തിയത് ഞെട്ടിച്ചെന്നായിരുന്നു സമാപന ചടങ്ങിൽ ജൂറി ചെയർമാൻ നാദവ് ലാപിഡ് പറഞ്ഞത്. ഇത് പോലെയുള്ള സിനിമകൾ മേളക്ക് ചേർന്നതല്ലെന്നും ബാക്കി തിരഞ്ഞെടുക്കപ്പെട്ട 14 സിനിമകളും മികച്ച നിലവാരമുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.