തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി വക്താവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ എല്ലാവരും ബഹുമാനിക്കുന്ന നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെട്ട അവസ്ഥയിലേക്കാണ് സംഘപരിവാർ ശക്തികൾ എത്തിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവാചകനെതിരെ ബി.ജെ.പി വക്താക്കൾ നടത്തിയ അപകീർത്തികരമായ പ്രസ്താവനകളാണ് ഇതിലെ ഏറ്റവും പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
“മുസ്ലിം സമുദായത്തെ അകറ്റുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം രാജ്യത്തിൻറെ സാമൂഹിക സ്ഥിരതയെ മാത്രമല്ല, രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതയെയും നശിപ്പിക്കുകയാണ്. അവരുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പുറമേയാണിത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന പല ഇസ്ലാമിക രാജ്യങ്ങളും ബി.ജെ.പിയുടെയും സംഘപരിവാറിൻറെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവയെല്ലാം ഇന്ത്യയുമായി വളരെ സൗഹാർദ്ദപരമായ ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ്,” മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
മറ്റൊരു മതത്തിൻറെ വിശ്വാസത്തെയും സംസ്കാരത്തെയും അവഹേളിക്കാനോ നിഷേധിക്കാനോ ഭരണഘടന ആർക്കും അവകാശം നൽകുന്നില്ല. നമ്മുടെ രാജ്യത്തിൻറെ മഹത്തായ മതനിരപേക്ഷ പൈതൃകത്തെ അപകടത്തിലാക്കുന്ന നീചമായ ശ്രമങ്ങൾ അവസാനിപ്പിക്കാനും വിദ്വേഷം വളർത്തുന്നവരെ ശിക്ഷിക്കാനുമുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം. മാത്രമല്ല, വർഗീയ ശക്തികൾക്കെതിരെ പൊതുജനങ്ങളിൽ നിന്ന് ഐക്യത്തോടെയുള്ള എതിർപ്പ് ഉണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.