Spread the love

കാഞ്ഞിരപ്പള്ളി: ബിടെക്കും,എം.ബി.എ.യും നേടി,എന്നാൽ നേട്ടം കൊയ്തത് ക്ഷീരമേഖലയിൽ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ മികച്ച വനിതാ ക്ഷീരകർഷകക്കുള്ള പുരസ്കാരം നേടിയ പുത്തൻപുരയ്ക്കൽ സ്വദേശി റിനി നിഷാദിന്റെ വിജയ കഥയാണിത്. ചെറുപ്പത്തിൽ വീട്ടിൽ പശുവിനെ വളർത്തിയുള്ള പരിചയവുമായാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഈ 35 കാരി ക്ഷീരമേഖലയിലേക്ക് കടന്നത്.

25 വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന പിതാവ് വി.എം.ഇബ്രാഹിം റാവുത്തറിന്‍റെ ആഗ്രഹമായിരുന്നു ഇത്‌. അടുത്ത വർഷം തിരിച്ചെത്തുന്ന ഇബ്രാഹിമിനുള്ള മകളുടെ സമ്മാനമാണ് ഫാം.ഫാമിന്‍റെ ചെലവ് വഹിച്ചത് പിതാവ് തന്നെ.റിനിയാണ് ഫാമിനെ വിജയിപ്പിച്ചത്. 5പശുക്കളുമായി 2019 ൽ ആരംഭിച്ച സഫ ഫാമിൽ ഇന്ന് എച്ച്എഫ്, ജേഴ്സി ഇനങ്ങളിലായി 35 പശുക്കളുണ്ട്.പ്രതിദിനം 400 ലിറ്റർ പാൽ ലഭിക്കുന്നു.100 ലിറ്ററോളം പാൽ പാക്കറ്റുകളിലാക്കി വീടുകളിലെത്തിക്കുന്നു.തമ്പലക്കാട് സൊസൈറ്റിക്കാണ് ബാക്കി പാൽ നൽകുന്നത്.തൈര്,നെയ്യ് എന്നിവയും ആവശ്യക്കാർക്ക് എത്തിക്കുന്നു.10 പശുക്കിടാവുകളും അഞ്ച് എരുമകളും 25 ആടുകളും ഫാമിലുണ്ട്.മത്സ്യകൃഷിയും പദ്ധതിയിലുണ്ട്.

കോഴിക്കോട് കെ.എം.സി.ടി.യിൽ നിന്ന് 2009 ലാണ് റീന ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയത്. 3വർഷം ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്ത ശേഷം, 2018 ൽ തിരിച്ചെത്തിയാണ് ഫാം ആരംഭിച്ചത്.വീടിനോട് ചേർന്നുള്ള അഞ്ച് ഏക്കറിലുള്ള ഫാമിലേക്ക് വേണ്ട പുല്ല് ഇവിടെത്തന്നെ കൃഷി ചെയ്യുന്നു.റംബുട്ടാൻ, മംഗോസ്റ്റീൻ തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. കിടാവുകൾക്കായുള്ള ഫാമിന്റെ നിർമാണവും പൂർത്തിയായി.

By newsten