ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ലഷ്കർ ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ആരിഫിന്‍റെ കുറ്റം സംശയാതീതമായി തെളിഞ്ഞതായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം.ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
2000 ഡിസംബർ 22ന് ചെങ്കോട്ടയിലുണ്ടായ ആക്രമണത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
2005 ഒക്ടോബർ 31ന് വിചാരണക്കോടതി ആരിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. 2007 സെപ്റ്റംബർ 13ന് ഡൽഹി ഹൈക്കോടതി ഇത് ശരിവച്ചു. ഇതിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.