Spread the love

ബെംഗളൂരു: പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) നിയമന അഴിമതിയിൽ പങ്കുണ്ടെന്നാരോപിച്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും അഡീഷണൽ ഡയറക്ടർ ജനറലുമായ അമൃത് പോൾ അറസ്റ്റിലായി. അടുത്ത കാലത്തായി ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ സർക്കാർ സസ്പെൻഡ് ചെയ്തത്. അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാല് തവണ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് (സിഐഡി) ചോദ്യം ചെയ്ത അമൃത് പോൾ കർണാടക പോലീസ് റിക്രൂട്ട്മെന്‍റ് സെല്ലിന്‍റെ തലവനായിരുന്നു. ബൗറിംഗ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനായ ഇയാളെ കോടതിയിൽ ഹാജരാക്കി 13 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇടനിലക്കാരും റിക്രൂട്ട്മെന്‍റ് കൈകാര്യം ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്ഥരും ഒ.എം.ആർ ഷീറ്റിൽ കൃത്രിമം കാണിച്ചതുൾപ്പെടെയുള്ള ക്രമക്കേടുകൾ ആരോപിച്ചാണ് അമൃത് പോളിനെ അറസ്റ്റ് ചെയ്തത്. 545 സബ് ഇൻസ്പെക്ടർമാരുടെ നിയമനത്തിനായി 2021 ഒക്ടോബറിൽ നടന്ന റിക്രൂട്ട്മെന്‍റ് പരീക്ഷയിൽ സംസ്ഥാനത്തെ 93 കേന്ദ്രങ്ങളിലായി 54,000 ഉദ്യോഗാർത്ഥികൾ പങ്കെടുക്കുകയും ഈ ജനുവരിയിൽ ഫലം പ്രഖ്യാപിക്കുകയും ചെയ്തു.

By newsten