കൊണ്ടോട്ടി: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാകുമ്പോൾ മലപ്പുറം ജില്ലയ്ക്ക് ഏറ്റവും നേട്ടം. ഉൾ നാടൻ ഗ്രാമങ്ങളിലെ വികസന കുതിപ്പിനൊപ്പം ജില്ലയിലെ വ്യാവസായിക, സാമ്പത്തിക മേഖലകളിൽ കുതിച്ചുചാട്ടത്തിന് പാത വഴിയൊരുക്കും.
നിലവിലുള്ള പാലക്കാട്-കോഴിക്കോട് ദേശീയപാതയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ റൂട്ടിലെ ദൂരവും യാത്രാ സമയവും ഗണ്യമായി കുറയും. അതേസമയം, പുതിയ വ്യാവസായിക വാണിജ്യ പദ്ധതികളെ ജില്ലയിലേക്ക് ആകർഷിക്കാനും കഴിയും. കോയമ്പത്തൂർ-മംഗലാപുരം റൂട്ടിന്റെ പൊതുവായ നേട്ടം ചരക്കുനീക്കം സുഗമമാക്കുമെന്നതാണ്. വ്യവസായ രംഗത്ത് ജില്ല പിന്നോക്കം പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. വ്യാവസായിക മേൽവിലാസത്തിന്റെ അഭാവവും പശ്ചാത്തലമില്ലായ്മയും പ്രോത്സാഹനങ്ങളുടെ അഭാവവും ജില്ലയ്ക്ക് തിരിച്ചടിയായി. മലപ്പുറം ജില്ലയിലെ ജനങ്ങൾ മറ്റ് പ്രദേശങ്ങളിലാണ് സ്ഥാപനങ്ങൾ തുടങ്ങുന്നത്. സർക്കാർ മനസ്സ് വെച്ചാൽ ഈ പേരുദോഷം മാറ്റാം.
വഴി കടന്നുപോകുന്ന പ്രദേശങ്ങളിൽ വ്യാവസായിക മേഖലകൾ നിർമ്മിച്ചാൽ നിക്ഷേപം എളുപ്പത്തിൽ ആകർഷിക്കാൻ കഴിയും. പ്രാദേശിക വികസനത്തോടൊപ്പം വലിയ തോതിലുള്ള തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനാകും. കോഴിക്കോട് വിമാനത്താവളത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താം.