കോഴഞ്ചേരി: അഞ്ച് വർഷം മുമ്പ് ആറന്മുളയിൽ നിന്ന് കാണാതായ യുവതിയെ കോട്ടയം കൊടുങ്ങൂരിൽ നിന്ന് കണ്ടെത്തി. 2017 ജൂലൈയിലാണ് ആറന്മുള തെക്കേമലയില്‍ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കവെ ക്രിസ്റ്റീനാളിനെ (26) കാണാതായത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
ഇലന്തൂർ നരബലിക്ക് ശേഷം കാണാതായ സ്ത്രീകളുടെ കേസുകൾ പുനരന്വേഷിക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. ആറന്മുള വിട്ട ശേഷം ഒരു വർഷം ബെംഗളൂരുവിൽ ഹോം നഴ്സായി ജോലി ചെയ്തു. പിന്നീട് കോട്ടയത്തെത്തിയ ഇവർ ഒരു യുവാവിനൊപ്പം മറ്റൊരു പേരിൽ താമസിക്കുകയായിരുന്നു.
ഇക്കാലയളവിൽ തമിഴ്നാട്ടിലെ ബന്ധുക്കളുമായി ഇവർക്ക് സമ്പർക്കം ഉണ്ടായിരുന്നില്ല. യുവതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ഡിവൈ.എസ്.പി. കെ.നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.കെ. മനോജ്, എസ്.ഐ. ഹരീന്ദ്രന്‍ നായര്‍, എ.എസ്.ഐ. സജീഫ് ഖാന്‍ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.