ദില്ലി: ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് ആക്കി മാറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്കിന്റെ പുതിയ നിലപാട്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വിദഗ്ധർ പറഞ്ഞു.
പുതിയ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കാൻ ബാങ്കുകൾ മുൻകൂർ അനുമതി തേടണം. പുതിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽ കിക്കൊണ്ട് വ്യാപാരം വർധിപ്പിക്കും. ഇനി മുതൽ, രൂപ ഇൻവോയ്സിംഗ്, പേയ്മെന്റ്, സെറ്റിൽമെന്റ് എന്നിവയ്ക്കായി ഉപയോഗിക്കാം. കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും അവർ കൈകാര്യം ചെയ്യുന്ന രാജ്യത്തെ കറസ്പോണ്ടന്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേക വോസ്ട്രോ അക്കൗണ്ട് വഴി പേയ്മെന്റുകൾക്കായി രൂപ ഉപയോഗിക്കാം. കറൻസികൾ തമ്മിലുള്ള വിനിമയ നിരക്ക് വിപണിയിൽ തുടരും.