ആഗ്ര (യു. പി): വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറു കിലോയിലേറെ കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പൊലീസ്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്, മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്.
മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോ കഞ്ചാവ് എലി തിന്നെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് എലി ശല്യം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്‍കി.
നേരത്തെ ഇറ്റാവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1400 കാര്‍ട്ടണ്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്നാണ് അന്നു പൊലീസ് കോടതിയെ അറിയിച്ചത്. ഇത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയും തുടര്‍ന്ന് പൊലീസുകാര്‍ മദ്യം മറിച്ചുവിറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു.