തിരുവനന്തപുരം: മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ ബലാത്സംഗ പരാതി. പരാതിയെ തുടർന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. സോളാർ കേസിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത്. പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പി സി ജോർജിനെ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരാതി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിൽ ചോദ്യം ചെയ്യാനായിരുന്നു പിസിയെ വിളിച്ചുവരുത്തിയത്. ജോർജിനോട് ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
ഇന്ന് ഹാജരാകാമെന്നായിരുന്നു പിസിയുടെ മറുപടി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകൾ നടത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പി.സി ജോർജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികൾ.