ജയ്പൂർ: രാജ്യസഭാ തിരഞ്ഞെടുപ്പിനു രാജസ്ഥാനിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. മാധ്യമ പ്രവർത്തകനും സീ മീഡിയയുടെ തലവനുമായ സുഭാഷ് ചന്ദ്രയെയാണ് അവസാന മണിക്കൂറിൽ പാർട്ടി നാമനിർദ്ദേശം ചെയ്തത്. രാജസ്ഥാനിൽ നിന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന നാലു രാജ്യസഭാ സീറ്റുകളിൽ ഒന്നിലേക്കാണ് സുഭാഷ് ചന്ദ്രയെ ബിജെപി പരിഗണിക്കുന്നത്.
നാലു സീറ്റിൽ ബിജെപി ഒരു സീറ്റു നേടുമെന്ന് പ്രതീക്ഷിക്കുന്നു. സുഭാഷ് ചന്ദ്രയുടെ വരവോടെ നാലാം സീറ്റിലേക്കുള്ള മത്സരം മുറുകുകയാണ്. പാർട്ടി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സീറ്റിൽ ഉത്തർപ്രദേശിൽ നിന്ന് പ്രമോദ് തിവാരിയെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. “പുറത്തുനിന്നുള്ളവർ” എന്ന വികാരം ആളിക്കത്തിച്ച് തിവാരിക്കെതിരെ വിജയിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.