ന്യൂഡല്‍ഹി: ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കലുവാരിയ എംഎൽഎ കുൽദീപ് ബിഷ്ണോയിയെ കോൺഗ്രസ് പുറത്താക്കി. കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ ഉൾപ്പെടെ കോണ്‍ഗ്രസിലെ എല്ലാ പദവികളിൽ നിന്നും കുൽദീപ് ബിഷ്ണോയിയെ നീക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.കൃഷന്‍ പന്‍വാറും, ബിജെപി-ജെജെപി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയും മാധ്യമ മേധാവിയുമായ കാർത്തികേയ ശർമ്മയും വിജയിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം. കുൽദീപ് ബിഷ്ണോയിയുടെയും മറ്റൊരു എം.എൽ.എയും കാലുവാരിയതോടെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ ശർമ്മയോട് തോറ്റത്.
ആദംപൂരിൽ നിന്നുള്ള കോണ്‍ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് ബിജെപിക്ക് വോട്ട് ചെയ്തതായി ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. ബി.ജെ.പിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്ണോയ് വിശ്വാസം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഖട്ടർ നേരത്തെ പറഞ്ഞിരുന്നു.