ന്യൂഡൽഹി: രാജ്യത്ത് ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 15 സംസ്ഥാനങ്ങളിൽ 57 സീറ്റുകൾ ഒഴിവുണ്ടെങ്കിലും രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലാണ് കനത്ത മത്സരം നടക്കുന്നത് . നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പാർട്ടികളുടെ പ്രതിനിധികളെ മറ്റ് സീറ്റുകളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കും.
20 സീറ്റുകൾ വരെ നേടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് 8 സീറ്റുകൾ ഉറപ്പിക്കുന്നു. വൈഎസ്ആർ കോൺഗ്രസ് (4), സമാജ്‍വാദി പാർട്ടി (3), ഡിഎംകെ (3), ബിജെഡി (3), ആർജെഡി (2), ആം ആദ്മി പാർട്ടി (2), അണ്ണാ ഡിഎംകെ (2), ടിആർഎസ് (2), ജെഡിയു (1), ശിവസേന (1), എൻസിപി (1), ജെഎംഎം (1) എന്നിങ്ങനെയാണ് ഉറപ്പായ സീറ്റുകൾ.
രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിച്ച സീറ്റുകളിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. മറുകണ്ടം ചാടാതിരിക്കാൻ കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റിയ എം.എൽ.എമാരെ ഇന്നലെയാണ് കോൺഗ്രസ് ഹരിയാനയിലേക്ക് തിരികെ കൊണ്ടുവന്നത്. സംസ്ഥാന സ്ഥാനാർത്ഥി അജയ് മാക്കനെ വിജയിപ്പിക്കാനുള്ള അംഗബലം (31) കോൺഗ്രസിന് ഉണ്ടെങ്കിലും വിമത നേതാവ് കുൽദീപ് ബിഷ്ണോയി തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ കുൽദീപിനെ രാഹുൽ ഗാന്ധി അനുനയിപ്പിച്ചെന്നും അദ്ദേഹം ഒപ്പം നിൽക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.