തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി 2022-24 അധ്യയന വർഷത്തെ മുഴുവൻ സമയ പിജി ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണിത്. 20 സീറ്റുകളാണുള്ളത്. സെമെസ്റ്റർ സമ്പ്രദായത്തിലുള്ള കോഴ്സിൽ ഡിസീസ് ബയോളജി, ജനറ്റിക് എന്‍ജിനീയറിങ്, മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ഡിഎന്‍എ പ്രൊഫൈലിങ് എന്നിങ്ങനെ സ്പെഷ്യലൈസേഷനുകളുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആദ്യ പട്ടിക ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 1 മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രവേശനം ലഭിക്കുന്നവർക്ക് ആദ്യ വർഷം പ്രതിമാസം 6,000 രൂപയും രണ്ടാം വർഷം പ്രതിമാസം 8,000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.
യോഗ്യത: 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ സയൻസ്/ എഞ്ചിനീയറിംഗ്/ മെഡിസിനിൽ ബാച്ചിലേഴ്സ് ബിരുദവും തത്തുൽയമായ ഗ്രേഡും ‘ജി.എ.ടി-ബി’ സ്കോറും അഭികാമ്യമാണ്. എസ്.സി/എസ്.ടി/ഒ.ബി.സി/എൻ.സി.എൽ/പി.ഡബ്ൽയു.ഡി (ഭിന്നശേഷി) വിഭാഗങ്ങളിൽപ്പെട്ടവർക്ക് യോഗ്യതാ പരീക്ഷയിൽ 5% മാർക്ക് ലഭിക്കും. അവസാന വർഷ യോഗ്യതാ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളെയും പരിഗണിക്കും.