ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ സുപ്രീംകോടതി നടപടിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന് കോൺഗ്രസ്. പ്രതികളെ വിട്ടയച്ച നടപടി നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്നായിരുന്നു കോൺഗ്രസിന്റെ നിരീക്ഷണം. പ്രതികളെ കുറ്റവിമുക്തരാക്കി 10 ദിവസങ്ങൾക്ക് ശേഷമാണ് റിവ്യൂ ഹർജി നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറും വെള്ളിയാഴ്ച ഹർജി നൽകിയിരുന്നു.
നളിനി ഉൾപ്പെടെ ആറ് പ്രതികളെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 30 വർഷത്തോളം ശിക്ഷ അനുഭവിച്ചുവെന്നും ജയിലിലെ പെരുമാറ്റം നല്ലതാണെന്നും ചൂണ്ടിക്കാട്ടിയും തമിഴ്നാട് സർക്കാർ ഇവരെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വ്യക്തമാക്കിയുമായിരുന്നു നടപടി.
1991 മേയ് 21ന് എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനുവെന്ന തേന്‍മൊഴി രാജരത്‌നമാണ് ചാവേറായി പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 26 പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ചെന്നൈ ടാഡാ കോടതി 26 പ്രതികള്‍ക്കും 1998 ജനുവരി 28ന് വധശിക്ഷ വിധിച്ചു. ഇതില്‍ 19 പേരെ ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 1999ല്‍ വെറുതേവിട്ടു.