കോഹിമ: നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഒരു കേന്ദ്രമന്ത്രി നാഗാലാൻഡിലെ സുൻഹെബോട്ടോ സന്ദർശിച്ചു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സർക്കാർ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുകയും സുൻഹെബോട്ടോ, വോഖ ജില്ലകളിലെ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നാഗാലാൻഡിൽ എത്തിയത്. ദിമാപൂരിൽ നിന്ന് റോഡ് മാർഗം ഒൻപത് മണിക്കൂർ യാത്ര ചെയ്താണ് കേന്ദ്രമന്ത്രി മലയോര നഗരമായ സുൻഹെബോട്ടോയിലെത്തിയത്. അദ്ദേഹം സുൻഹെബോട്ടോ ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജില്ലയുടെ സമഗ്രവികസനത്തിനായി നൈപുണ്യവികസന പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
“പ്രാദേശിക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും നഗര കേന്ദ്രങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനുമാണ് ഞങ്ങളുടെ ഊന്നൽ,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്ത മന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത പോലെ അവസാനത്തെ വ്യക്തിയുടെയും ശബ്ദം കേൾക്കുകയും എല്ലാ പരാതികളും പരിഹരിക്കുകയും ചെയ്യുന്നതുവരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.