തിരുവനന്തപുരം: കഴിഞ്ഞ 4 വർഷത്തിനിടെ കേരള രാജ്ഭവനിൽ അതിഥിസല്‍ക്കാരങ്ങൾക്കായി ചിലവഴിച്ചത് 9 ലക്ഷത്തോളം രൂപ. ഓരോ വർഷവും അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിൽ വർദ്ധനവുണ്ട്. കോവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയ 2020-21 സാമ്പത്തിക വർഷത്തിൽ, അതിഥി സ്വീകരണങ്ങൾക്കായി 2.49 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ 3.71 ലക്ഷം രൂപയും ചെലവഴിച്ചു.
അതിഥിസല്‍ക്കാരത്തിന് രാജ്ഭവൻ ഹോസ്പിറ്റാലിറ്റി എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍നിന്നാണ് പണം ചെലവഴിക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ 8,96,494 രൂപയാണ് രാജ്ഭവൻ സല്‍ക്കാരത്തിനു വേണ്ടി ചെലവഴിച്ചത്.
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായ ശേഷം ഓരോ വർഷവും അതിഥി സല്‍ക്കാരച്ചെലവിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 1,98,891 രൂപയായിരുന്നു ചിലവ്. 2020-21ൽ ഇത് 2,49,956 രൂപയായി. ഏകദേശം അരലക്ഷം രൂപയുടെ വർദ്ധനവുണ്ടായി. 2021-22 ൽ 3,71,273 രൂപയാണ് ചെലവഴിച്ചത്. നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ നാലുമാസം കൂടി ബാക്കി നില്‍ക്കേ നവംബർ 1 വരെയുള്ള കണക്ക് പ്രകാരം 76,374 രൂപയാണ് ഇതിനായി ചെലവഴിച്ചത്.