തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയത് പാർട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. അതിനാലാണ് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരു ഫോറത്തിലും ചർച്ച നടന്നിട്ടില്ല. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകൾ പെന്‍ഷന്‍ പ്രായം ഉയർത്തുന്നതിനെ എതിർത്തു. അവരുടെ എതിര്‍പ്പില്‍ തെറ്റില്ല. അതേസമയം, ധനവകുപ്പിന് ലഭിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിൽ എതിർപ്പ് ശക്തമായിരുന്നു.
ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാർഥികളെ ബാധിക്കുന്നതാണ് തീരുമാനമെന്ന വിമർശനം ഉയർന്നിരുന്നു. ഭരണ-പ്രതിപക്ഷ യുവജനസംഘടനകൾ പെൻഷൻ പ്രായ വർധനക്കെതിരെ രംഗത്തുവന്നിരുന്നു.