തിരുപ്പതിയിൽ നിർമിക്കുന്ന പുതിയ റെയിൽവേ സ്റ്റേഷൻറെ രൂപകൽപ്പനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ നാഗ് അശ്വിൻ. വരാനിരിക്കുന്ന റെയിൽവേ സ്റ്റേഷൻറെ രൂപരേഖ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ ട്വീറ്റിന് മറുപടിയായാണ് നാഗ് അശ്വിൻ തൻറെ അഭിപ്രായം പങ്കുവെച്ചത്.
ട്വിറ്ററിലൂടെയാണ് നാഗ് അശ്വിൻ തൻറെ അതൃപ്തി കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചത്. ഈ ഡിസൈൻ ആർക്കും ഇഷ്ടപ്പെട്ടില്ല, ധാരാളം കമൻറുകൾ വരുന്നത് നിങ്ങൾ കണ്ടില്ലേ?” അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ സമ്പന്നമായ വാസ്തുവിദ്യ മനസ്സിലാക്കുന്നവർ അത് രൂപകൽപ്പന ചെയ്യട്ടെ. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നാനി, വിജയ് ദേവരകൊണ്ട എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച യെവാഡെ സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെയാണ് നാഗ് അശ്വിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കീർത്തി സുരേഷിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മഹാനടിയാണ് അദ്ദേഹത്തിൻറെ അവസാന സംവിധാന സംരംഭം. പ്രഭാസും അമിതാഭ് ബച്ചനും ഇപ്പോൾ പ്രൊജക്റ്റ് കെയുടെ ചിത്രീകരണത്തിലാണ്.