Spread the love

തൊടുപുഴ: ബി.ജെ.പിയുടെ വർഗീയതയെ രൂപത്തിലും ഭാവത്തിലും രാഹുൽ ഗാന്ധി അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതോണിയിലെ ധീരജ് കുടുംബ സഹായ ഫണ്ട് ട്രാൻസ്ഫർ വേദിയിലായിരുന്നു വിമർശനം. സി.പി.എം സമാഹരിച്ച പണം കുടുംബാംഗങ്ങൾക്ക് കൈമാറി.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രക്തസാക്ഷിത്വത്തെ കോണ്‍ഗ്രസ് നേതാക്കൾ അപമാനിച്ചെന്നും പ്രതികളെ കൂടെ കൂട്ടാൻ രാഹുൽ ഗാന്ധി തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിമർശനം തുടങ്ങിയത്. താൻ ബി.ജെ.പിക്ക് എതിരാണെന്ന് പറയുമ്പോഴും അവരുടെ വർഗീയതയെ രൂപത്തിലും ഭാവത്തിലും രാഹുൽ ഗാന്ധി അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ഹുണ്ടിക കളക്ഷനായി പിരിച്ചെടുത്ത 1.58 കോടി രൂപയിൽ 25 ലക്ഷം രൂപ വീതം അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും സഹോദരൻ അദ്വൈതിന്‍റെ പഠനത്തിനായി 10 ലക്ഷം രൂപ വീതവും നൽകി. സംഘർഷത്തിൽ പരിക്കേറ്റ ധീരജിന്‍റെ സുഹൃത്തുക്കളായ അമൽ, അഭിജിത്ത് എന്നിവർക്ക് തുടർവിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം കൈമാറി. ചെറുതോണിയിൽ ധീരജ് സ്മാരകത്തിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനകേന്ദ്രമായും ലൈബ്രറിയായും ഈ കേന്ദ്രം പ്രവർത്തിക്കും.

By newsten