രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡിവൈ.എസ്.പിയാണ് അന്വേഷണ സംഘത്തിന്റെ തലവൻ. എം.പി.യുടെ ഓഫീസിലുണ്ടായ അക്രമവും പൊലീസിനുനേരെയുണ്ടായ ആക്രമണവും ഉൾപ്പെടെ രണ്ട് കേസുകൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യു.ഡി.എഫ് ഇന്ന് കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ പങ്കെടുക്കും. സുരക്ഷയ്ക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 9 മണി വരെ കൽപ്പറ്റയായിരുന്നു സംഘർഷത്തിന്റെ കേന്ദ്രബിന്ദു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.പി ഓഫീസ് ഉപരോധിച്ച യു.ഡി.എഫ് പ്രവർത്തകരുമായി എ.ഡി.ജി.പി ചർച്ച നടത്തി. ഇതേതുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു