തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തിൽ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശനം. പ്രതിഷേധ മാർച്ചിനെക്കുറിച്ച് നേതൃത്വം അറിയാത്തത് പിടിപ്പുകേടാണെന്നാണ് വിമർശനം. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി പി ഗഗാറിൻ വിശദീകരിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.
പാർട്ടി ജില്ലാ നേതൃത്വം അറിയാതെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇത്തരമൊരു പ്രതിഷേധം നടക്കുമോ എന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. സമരത്തെ കുറിച്ച് ജില്ലാ നേതൃത്വത്തിന് അറിവില്ലെങ്കിൽ അത് കഴിവുകേടാണെന്നും വിമർശനമുയർന്നു. ഇതോടെ സി.പി.എം ജില്ലാ നേതൃത്വം പൂർണമായും പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി പി ഗഗാറിൻ സംസ്ഥാന കമ്മിറ്റിക്ക് വിശദീകരണം നൽകിയത്.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്ന് വയനാട് ജില്ലാ സെക്രട്ടറി സമ്മതിച്ചു. എസ്എഫ്ഐ ജില്ലാ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. പക്ഷേ, പ്രതിഷേധം ഈ തലത്തിലായിരിക്കുമെന്ന് അറിവുണ്ടായില്ല. എസ്.എഫ്.ഐ സമരം അക്രമാസക്തമായ പ്രതിഷേധമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗഗാറിൻ ന്യായീകരിച്ചു.