Spread the love

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും, ആക്രമിച്ചവരുടെ കൂട്ടത്തിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം നിഷേധിക്കാൻ യു.ഡി.എഫ് ഇപ്പോഴും തയ്യാറാകാത്തത് ഇരട്ടത്താപ്പാണ്. ജാമ്യം ലഭിച്ചവരെ മാലയിട്ട് സ്വാഗതം ചെയ്തതിലൂടെ ഈ ആക്രമണത്തിൻറെ ആസൂത്രണം വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

കോടിയേരിയുടെ വാക്കുകൾ,

“സംസ്ഥാന വ്യാപകമായി യു ഡി എഫ് അക്രമം അഴിച്ചുവിടുകയാണ്. കൽപ്പറ്റയിൽ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചത്‌ എന്തിനെന്ന്‌ നേതാക്കൾ വ്യക്തമാക്കണം. അക്രമത്തിൽ ജീവനക്കാർക്ക്‌ പരിക്കേറ്റു. വയനാട്‌ ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്‌ത്രീകളെയും കുട്ടികളെയും അക്രമികൾ പരിഭ്രാന്തരാക്കി. പത്രസമ്മേളനത്തിൽ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ്‌ ചെയ്യേണ്ടത്‌. ഡി സി സി ഓഫീസിൽ കോൺഗ്രസുകാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി.

കണ്ണൂരിലും കോട്ടയത്തും കോൺഗ്രസ്‌ അക്രമം നടത്തി. പൊലീസിന്‌ നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന്‌ അവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. എസ്‌ എഫ്‌ ഐയെ ഒറ്റപ്പെടുത്താനുളള ശ്രമമാണ്‌ നടക്കുന്നത്‌. 36 എസ്‌ എഫ്‌ ഐ പ്രവർത്തകരെയാണ്‌ കെ എസ്‌ യുക്കാർ കൊലപ്പെടുത്തിയത്‌. വയനാട്ടിലെ സംഭവത്തിൽ കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ മാത്രം പിടികൂടാൻ പാടില്ല. ഇക്കാര്യം പൊലീസ്‌ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ഓഫീസുകൾക്ക്‌ നേരെ ആക്രമണമുണ്ടാകാൻ പാടില്ല. മാർച്ചുകൾ നടത്തുമ്പോൾ നിയന്ത്രണം വേണം. സമാധാനപരമായി പ്രതിഷേധ പരിപാടികൾ നടത്തണം. അക്രമങ്ങളിൽനിന്ന്‌ പാർട്ടി പ്രവർത്തകർ മാറിനിൽക്കണം. എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം.”

By newsten